കോവിഡ് ഭീതിയിലും ലൈംഗീകാതിക്രമം: മലപ്പുറം സ്വദേശിക്കെതിരെ കേസ്
കോഴിക്കോട്: ഒമാന്‍-കോഴിക്കോട് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേക്കെതിരെയാണ് ബലാത്സംഗശ്രമത്തിന് കേസ് എടുത്തത്. കോവിഡ് ഭീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് വിമാന യാത്രകള്‍. ഇതിനിടെയാണ് മലയാളിയെ നാണം കെടുത്തുന്ന തരത്തിലെ സംഭവങ്ങള്‍ വിമാന യാത്രയിലുണ്ടാകുന്നത്.
വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന ഇയാള്‍ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. മലപ്പുറം എസ്‌പിക്ക് ലഭിച്ച പരാതി കരിപ്പൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. വിമാനമിറങ്ങിയ ഉടന്‍ യുവതിയുടെ ഭര്‍ത്താവ് ഇമെയിലില്‍ പരാതി അയച്ചെങ്കിലും അത് പൊലീസിന് ലഭിച്ചിരുന്നില്ല.
ക്വാറന്റീനിലായ യുവതിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനും കഴിഞ്ഞില്ല. പിന്നീട് മലപ്പുറം എസ്‌പിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരിപ്പൂര്‍ പൊലീസ് കേസെടുത്തത്.
ഇന്നലെ രാത്രി മസ്‌കറ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. യാത്ര തുടങ്ങിയ ശേഷം ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്ന അറുപതുകാരനായ ഇയാൾ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. സെക്ഷന്‍ 354 പ്രകാരമാണ് ഇയാൾക്കെതിരെ
പൊലീസ് കേസെടുത്തത്.
പരാതി കിട്ടാത്തതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കരിപ്പൂര്‍ പൊലീസ് അറിയിച്ചു. യുവതിയുടെ മൊഴി വിശദാമായി പൊലീസ് എടുക്കും. അതിന് ശേഷമാകും പ്രതിയെ അറസ്റ്റ് ചെയ്യുക. പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. അതിശക്തമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
Comments
Post a Comment